പാപ്പന്റെ വിജയത്തിനുപിന്നാലെ അണിയറയില്‍ ഒരുങ്ങുന്നത് നാല് സുരേഷ് ഗോപി ചിത്രങ്ങള്‍

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ജയരാജ്, ഷാജി കൈലാസ്, മാത്യു തോമസ്, രാഹുല്‍ രാമചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളിലാണ് സുരേഷ് ഗോപി വേഷമിടുന്നത്. ജയരാജ് സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്നത്. ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. വൈറ്റിലയില്‍ നടക്കുന്ന വലിയ ഒരു കൊലപാതകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടെ മറ്റൊരു പ്രോജക്ട്. ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തില്‍ അനുഷ്‌ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമെന്ന സവിശേഷതയുമുണ്ട്. ഒറ്റക്കൊമ്പനിലെ സുരേഷ് ഗോപിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം. ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി നായകനാകുന്നത്.സുരേഷ് ഗോപി – ജിബു ജേക്കബ് ചിത്രമായ ‘മേ ഹും മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ കൊമ്പന്‍ മീശയുമായുമായി എത്തുന്ന സുരേഷ് ഗോപിയുടെ പോസ്റ്റര്‍ വൈറലായിരുന്നു. വലിയ കാന്‍വാസിലും ബജറ്റിലുമാവും മേ ഹൂം മൂസ ഒരുങ്ങുക. പാന്‍- ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞിരുന്നു.

Top