സുഡാന്‍:സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സുഡാനിലെ വടക്ക് ഭാഗത്തുള്ള കോര്‍ഡോഫാന്‍ സംസ്ഥാനത്തിലെ ഒരു പ്രധാനപ്പെട്ട നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പട്ടാളക്കാര്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെ സുഡാനിലെ എല്‍ ഒബീദ് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എല്‍ ഒബീദില്‍ എവിടെയാണ് പ്രതിഷേധം ആദ്യം നടന്നത് എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രസിഡന്റ് ഉമര്‍ അല്‍ ബാഷിറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈനിക മേധാവികളില്‍ നിന്നും യാതൊരു വിധത്തിലുമുള്ള പ്രതികരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രകടനങ്ങള്‍ തുടരുകയാണ്. ജനാധിപത്യ ഭരണത്തിലേക്ക് എത്രയും പെട്ടെന്ന് രാജ്യത്തെ മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.