ഇന്ത്യന്‍ ശക്തിയില്‍ വിറച്ച് പാക്കിസ്ഥാന്‍; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ അടപ്പിച്ചു

indian-army

ന്യൂഡല്‍ഹി: ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ നാലോളം ഭീകരക്യാമ്പുകള്‍ അടിയന്തരമായി അടപ്പിച്ചതായി റിപ്പോര്‍ട്ട്. ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പാക്ക് നടപടി.

പാക്ക് അധീന കശ്മീരിലെ നിക്യാലില്‍ കഴിഞ്ഞ മാര്‍ച്ച് 16ന് പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും തീവ്രവാദ സംഘടനയായ ലെഷ്‌കറെ ത്വയിബയുടെയും ഉന്നത വൃത്തങ്ങള്‍ യോഗം ചേര്‍ന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ ഈ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇനി ഇന്ത്യയ്‌ക്കെതിരെ വെടിനിറുത്തല്‍ ലംഘനം നടത്തിയാല്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് യോഗത്തില്‍ അഭിപ്രായം ഉയരുകയും ചെയ്തു.ഇതിന് പിന്നാലെയാണ് നിക്യാലിലെയും കൊട്‌ലിലെയും ഭീകരക്യാമ്പുകളും ഓഫീസുകളും അടച്ചുപൂട്ടിയത്.

ലഷ്‌കര്‍ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടിയതായി ഇവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം നല്‍കിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാമ്പുകള്‍ നിറുത്തിയതായും വിവരമുണ്ട്.

അതേസമയം ഇന്ത്യ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നും തെളിവുകള്‍ തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ പറഞ്ഞു എന്നാണ് വിവരം.

Top