വാക്കുതർക്കത്തെ തുടർന്ന് പതിനാലുകാരന് ദാരുണാന്ത്യം

കൊൽക്കത്ത : കൂട്ടുകാർക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പതിനേഴുകാരൻ പതിനാലുകാരനെ തല്ലിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഡോവര്‍ ടെറസിന് സമീപമുള്ള ചേരിയിലാണ് കൊലപാതകം നടന്നത് . അടുത്ത സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കുതർക്കം പിന്നീട് കൊലപാതകത്തിലാണ് അവസാനിച്ചത്.

പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനാലുകാരന്‍. എന്ത് ഗെയിമാണ് കളിക്കുന്നതെന്ന പതിനേഴുകാരന്‍റെ ചോദ്യത്തിന് പതിനാലുകാരന്‍ മറുപടി നല്‍കിയില്ല. പകരം പതിനേഴുകാരന്‍റെ കയ്യിലെന്താണ് എന്ന് തിരക്കി. ഇതിൽ പ്രകോപിതനായ പതിനേഴുകാരൻ വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് പതിനാലുകാരനെ കൊലപ്പെടുത്തുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

അടുത്ത സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ കലഹം പതിവായതിനാല്‍ വീട്ടുകാര്‍ ഇത് ശ്രദ്ധിച്ചില്ല. നെഞ്ചിലും വയറിലും ഏറ്റ ചവിട്ടാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് പതിനേഴുകാരനെ അറസ്റ്റുചെയ്തു.

Top