തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞു. ഇയോണ്‍ ഫ്‌ലോറിന്‍ എന്ന ഇയാള്‍ ഖത്തറിലേക്കു കടന്നതായി പൊലീസ് അറിയിച്ചു.
സംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ (27), ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍ ഫ്‌ലോറിയന്‍ (25) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ മുഖ്യപ്രതിയായ മരിയനെ കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.
മറ്റുള്ളവര്‍ വിദേശത്തേക്കു കടന്നതായാണു സൂചന. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി. അതേസമയം, സംഘത്തില്‍ നിരവധിപ്പേരുണ്ടെന്നും ഇവര്‍ക്കു രാജ്യാന്തരബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സൈ്വപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.
മുന്‍പ് ഇടപാടുകാരുടെ അജ്ഞത മുതലാക്കിയായിരുന്നു എടിഎം തട്ടിപ്പുകളെങ്കില്‍ ആദ്യമായാണ് വിവരങ്ങള്‍
ചോര്‍ത്തിയെടുത്തുള്ള ഹൈടെക് തട്ടിപ്പ് കേരളത്തില്‍ നടക്കുന്നത്.
തട്ടിപ്പുകാര്‍ രഹസ്യമായി ക്യാമറ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചത് എസ്ബിഐയുടെ വെള്ളയമ്പലത്തെ എടിഎമ്മിലാണ്.
പക്ഷെ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം അന്‍പതിലേറെപ്പേരുടെ പണം പിന്‍വലിച്ചത് മുംബൈയില്‍ നിന്നും.
ഈ ഹൈടെക് തട്ടിപ്പ് രീതിയെകുറിച്ച് പൊലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെ: എടിഎമ്മിനു മുകളില്‍ സ്ഥാപിച്ച സ്‌മോക് ഡിറ്റക്ടറിലെ രഹസ്യ ക്യാമറ ഇടപാടുകാരുടെ പിന്‍നമ്പര്‍ പകര്‍ത്തും.
മെഷീനില്‍ എടിഎം കാര്‍ഡ് ഇടുന്ന സ്ഥലത്ത് തട്ടിപ്പ് സംഘം വ്യാജ സ്ലോട്ടും സ്ഥാപിക്കും. ഇവിടെ സൈ്വപ് ചെയ്യുന്ന മാഗ്‌നറ്റിക് കാര്‍ഡിലെ വിവരങ്ങള്‍ വ്യാജ സ്ലോട്ടില്‍ താനെ പതിയും. ഇങ്ങനെ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ സംഘത്തിലുള്ളവര്‍ മുംബൈയിലെ കൂട്ടാളികള്‍ക്കു കൈമാറും.
തുടര്‍ന്നു വ്യാജ കാര്‍ഡുകളുണ്ടാക്കി പണം പിന്‍വലിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.