ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നതായി റിപ്പോര്‍ട്ട്. ദേശീയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളാണ് കേന്ദ്രസര്‍ക്കാരില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക.
രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാന്‍ പാകത്തിന് നിര്‍ദേശങ്ങളായിരിക്കും നാലാംഘട്ട ലോക്ക്ഡൗണില്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന. ഇക്കാര്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകളുടെ നാലില്‍ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണില്‍ തുടങ്ങും എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും.
ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും. എല്ലാതരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും. ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കിയേക്കും.
ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളില്‍ വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സര്‍വ്വീസുകള്‍ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. മൂന്നാംഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.