ഖത്തറില്‍ നാലാം ഘട്ട ഇളവുകള്‍ അടുത്ത മാസം മുതല്‍

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിലുള്ള നാലാം ഘട്ട ഇളവുകള്‍ സപ്തംബറില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി. അതും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം നാലാംഘട്ട ഇളവുകള്‍ ജൂലൈ 30നായിരുന്നു തുടങ്ങേണ്ടിയിരുന്നതെങ്കിലും ആ സമയത്ത് കൊവിഡ് കേസുകളിലെ വര്‍ധനവാണ് തീരുമാനം മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതുപ്രകാരം മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആഗസ്ത് മാസത്തിലും തുടരാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക – സാമൂഹിക സാഹചര്യവും ജനജീവിതവും സാധാരണ നിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്നത്തെ സാഹചര്യം വിലയിരുത്തി അടുത്ത ഘട്ട ഇളവുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഇളവുകളുടെ മൂന്ന് ഘട്ടങ്ങള്‍ ഇതിനകം പിന്നിട്ടു. വ്യാപാര സ്ഥാപങ്ങള്‍, കായിക, വിനോദ പരിപാടികള്‍, പൊതുഗതാഗതം, ടൂറിസം മേഖല തുടങ്ങിയവയില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനാനുമതി നല്‍കുന്നതായിരുന്നു ഇളവുകള്‍.

എന്നാല്‍ ബലി പെരുന്നാള്‍ അവധിക്കു ശേഷം കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. പെരുന്നാള്‍ അവധിക്കു ശേഷമുള്ള ഒരാഴ്ചക്കാലം പ്രതിദിന കേസുകള്‍ കുറവായിരുന്നുവെങ്കിലും അതിനുശേഷം 100നു മുകളിലേക്ക് വന്നതായി അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിന് സമാന്തരമായി ജനങ്ങള്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Top