ബ്രിസ്ബേന്‍: മുന്‍നിശ്ചയ പ്രകാരം, ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നാലാമത്തേതുമായ ടെസ്റ്റ് ബ്രിസ്‌ബേനില്‍ തന്നെ നടക്കും. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം ബ്രിസ്‌ബേനിലേക്ക് ഇന്ത്യന്‍ ടീം പോകുമെന്ന് ബിസിസിഐ വക്താവാണു അറിയിച്ചത്. നേരത്തെ, ബ്രിസ്‌ബേനില്‍ എത്തുമ്പോള്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മറുപടി. വീണ്ടും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ പക്ഷം. ഇതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഈ മാസം ഏഴു മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നേരത്തെ ജനുവരി 15ന് ബ്രിസ്ബേന്‍ ടെസ്റ്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂള്‍ മാറ്റണമെന്നുള്ള ആവശ്യം ക്വീന്‍സ്ലന്‍ഡ് ഭരണസമിതി മുന്നോട്ടുവച്ചു. ഇരുടീമുകളും ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്.