ഓവല്‍: ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തളച്ചാല്‍ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പറഞ്ഞു.
ലീഡ്‌സിലെ തകര്‍ച്ചയ്ക്ക് പിന്നാലെ സെലക്ഷന്‍ തലവേദനയും ടീം ഇന്ത്യക്കുണ്ട്. ടെസ്റ്റില്‍ ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാര്‍ എന്ന ആശയത്തോട് പൊതുവെ വിരാട് കോലി യോജിക്കാറില്ല. എന്നാല്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേല്‍ക്കുകയും മധ്യനിര ബാറ്റ്‌സ്മാന്മാര്‍ മോശം ഫോമിലാവുകയും ചെയ്തതോടെ ആറാമതൊരു ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമായി.
സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ മടങ്ങിവരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്താലും അശ്വിന്‍ ടീമിലെത്തിയേക്കും. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടില്‍ നാല് പേസര്‍മാരെന്ന ഇഷ്ട കോംബിനേഷനും കോലിക്ക് മാറ്റേണ്ടിവരും. നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഷാല്‍ദുല്‍ താക്കൂറോ ഉമേഷ് യാദവോ അന്തിമ ഇലവനിലെത്തും.