കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്ന് അപ്പീലില്‍ പറയുന്നു.
ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു. കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.