ന്യൂഡല്‍ഹി: ആദിവാസികളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട ജസ്യൂട്ട് വൈദികന് സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റുചെയ്തതിനും ജയിലില്‍ മനുഷ്യത്വപരമായ പരിഗണന നിഷേധിച്ചതിനും ഉത്തരവാദികളായവരെ കണ്ടെത്തണം. ഭീമ കൊറഗാവ് കേസിലെയും, യുഎപിഎയും രാജ്യദ്രോഹനിയമവും ദുരുപയോഗിച്ചുള്ള എല്ലാ രാഷ്ട്രീയപ്രേരിത കേസുകളിലെയും തടവുകാരെ ജയിലുകളില്‍നിന്ന് മോചിപ്പിക്കണം.
കിരാതമായ യുഎപിഎ നിയമം ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ അറസ്റ്റുചെയ്ത 84കാരനായ വൈദികനു ജയിലില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും ഭിന്നശേഷിക്കാരുടെ സംഘടനകളും വ്യാപകമായി ശബ്ദം ഉയര്‍ത്തിയശേഷമാണ് ദ്രാവകഭക്ഷണം കഴിക്കാനുള്ള സിപ്പര്‍ ജയിലില്‍ അദ്ദേഹത്തിനു ലഭ്യമാക്കിയത്.
കോവിഡ് കേസുകള്‍ പെരുകിയ, തിങ്ങിനിറഞ്ഞ തലോജ ജയിലില്‍നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന എണ്ണമറ്റ ഹര്‍ജികള്‍ക്ക് ഫലമുണ്ടായില്ല. ജാമ്യം നല്കി വസതിയിലേയ്ക്ക് അയക്കണമെന്ന ഹര്‍ജിയും നിരാകരിച്ചു. ഒടുവില്‍ കോവിഡ് നില വഷളായപ്പോള്‍ ബോംബൈ ഹൈക്കോടതിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ വൈകിയുള്ള ഈ ഇടപെടല്‍ കസ്റ്റഡിയിലെ മരണം തടയാന്‍ പര്യാപ്തമായില്ല.
ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ സിപിഎം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ കസ്റ്റഡി മരണത്തില്‍ രോഷം പ്രകടിപ്പിക്കാനും ഭരണഘടന ഉറപ്പ് നല്കുന്ന അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി രംഗത്തിറങ്ങാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സിപിഎം ആഹ്വാനം ചെയ്തു.