special- ഫാ. ടോം ഉഴുന്നാലിന്റെ മോചനം : അലസത തുടര്‍ന്നാല്‍ പ്രക്ഷോഭത്തിനൊരുങ്ങി സഭ

കോഴിക്കോട്: സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കോഴിക്കോട്ട് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം മതേതര സമരമായി മാറി.

കോഴിക്കോട് ബിഷപ്പും ഇമാമും ഹിന്ദു മതവിശ്വാസികളും അടക്കമുള്ളവര്‍ ഒത്തു ചേര്‍ന്നാണ് ഉപവാസ സമരം നടത്തിയത്. സിറിയയില്‍ ഐ.എസ് ഭീകരരുടെ തടവറയിലായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ അലസതവെടിഞ്ഞ് രംഗത്തിറങ്ങണമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലില്‍ മാനാഞ്ചിറ സ്‌ക്വയറില്‍ നടത്തിയ പ്രാര്‍ത്ഥനാ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനാ സന്ദേശം നല്‍കി. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനി, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എന്നിവര്‍ അനുഗ്രഹ സന്ദേശം നല്‍കി.

കോഴിക്കോട് പാളയം പള്ളി ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ് തീവ്രവാദത്തെ മുസ്‌ലീം പണ്ഡിതലോകവും സമുദായവുമാണ് ആദ്യം തള്ളിപ്പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ് തീവ്രവാദികള്‍ ഏറ്റവും അധികം കൊലപ്പെടുത്തിയത് മുസ്‌ലീങ്ങളെയാണ്. ഒരു ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യരെല്ലാം. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കള്‍. വിവിധ ഗോത്രങ്ങളും വംശങ്ങളും ഭാഷക്കാരുമായി വേര്‍തിരിച്ചത് പരസ്പരം തിരിച്ചറിയാനാണെന്നും അല്ലാതെ ആക്രമിക്കാനും കൊന്നൊടുക്കാനുമല്ലെന്നും അദ്ദേഹം പറഞ്ഞു.

കവിയും ഗാനരചയിതാവുമായ കാനേഷ് പുനൂര്‍, മലയോര വികസന സമിതി സംസ്ഥാന സെക്രട്ടറി ജോണി ഉപ്പുമാക്കല്‍ പാലോളി മെഹബൂബ്, കെ. രാഗേഷ്, റഹീം ചോലയില്‍, ടി.എം.എസ് ആഷിഖ്, ജി.കെ നിലമ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈകുന്നേരം പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ നാരങ്ങാനീരു നല്‍കി ഉപവാസത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടാത്തത് ആശങ്കപ്പെടുത്തുന്നതായി എം.ജി.എസ് പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ ബന്ദിയാക്കിയുകൊണ്ട് ഇസ്‌ലാമിക രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നുപറയുന്ന ഐ.എസ് എന്താണ് നേടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top