വത്തിക്കാന്‍ സിറ്റി: തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍.
അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍. തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പക്ഷേ മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല. ആരോഗ്യനില മോശമായപ്പോള്‍ അവര്‍ മരുന്നു നല്‍കിയെന്നും ഫാദര്‍ ടോം സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ഐഎസ് ക്യാംപിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. തടവില്‍ കഴിഞ്ഞ കാലമത്രയും ഒരേ വസ്ത്രമായിരുന്നു ധരിച്ചത്.
തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി. പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നതെന്നും ഫാദര്‍ ടോം പറയുന്നു.
ഭീകരസംഘത്തില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം കഴിഞ്ഞ ദിവസമാണ് മസ്‌കറ്റില്‍ എത്തിയത്. ഒമാന്റെ സജീവമായ ഇടപെടലിനെത്തുടര്‍ന്നാണ് ഫാ.ടോം മോചിതനായത്.
മസ്‌കറ്റിലെ വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹം റോമിലേക്ക് പോയി. അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരങ്ങള്‍.