ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി, ഞായറാഴ്ച കേരളത്തില്‍

ബംഗളൂരു: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി.

ഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഫാ. ഉഴുന്നാലിനെ സലേഷ്യന്‍ അംഗങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രോവിന്‍സ് അംഗമായ ഫാ. ഉഴുന്നാലില്‍ ആദ്യമെത്തുക. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരെയും മെത്രാപ്പോലീത്തമാരെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് 12നു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ആര്‍ച്ച്ബിഷപ്പുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനുശേഷം പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു മടങ്ങും.

വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ഥനയിലും പൊതുസമ്മേളനത്തിലും ഫാ. ഉഴുന്നാലില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും സമ്മേളനത്തിനുണ്ടാകും. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഇന്നു വിശ്രമിച്ച ശേഷം നാളെ കേരളത്തിലേക്ക് തിരിക്കും.

Top