ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് ഇന്ത്യയിലെത്തി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ബെംഗളൂരുവിലേക്കു പോകുന്ന ഉഴുന്നാലില്‍ അദ്ദേഹം അംഗമായ സലേഷ്യന്‍ സന്ന്യാസസമൂഹത്തിനൊപ്പം ഏതാനും ദിവസം ചെലവഴിക്കും.
ബിഷപ്പുമാരുടെ യോഗത്തില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഒക്ടോബര്‍ ഒന്നിന് കേരളത്തിലെത്തും. രാവിലെ പത്തിന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹത്തെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഉച്ചയോടെ പാലാ ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലിന് രൂപതയുടെ നേതൃത്വത്തില്‍ വരവേല്‍പ്പു നല്‍കും.
പിന്നീട് വൈകുന്നേരം നാലിന് രാമപുരം പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. മിഷിനറീസ് ഓഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് യെമനില്‍ പ്രവര്‍ത്തിച്ചിരുന്ന ഉഴുന്നാലിലിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പതിനെട്ടു മാസങ്ങള്‍ക്കുശേഷം ഈ മാസം പന്ത്രണ്ടിനാണ് മോചിതനായത്.