കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രഞ്ച് സൈന്യം സ്ഥാപിച്ച കുഴിബോംബുകള്‍ മൂലം ജീവഹാനിയും അംഗവൈകല്യവും സംഭവിച്ചവര്‍ക്ക് ഫ്രാന്‍സ് നഷ്ടപരിഹാരം നല്‍കണമെന്ന് അള്‍ജീരിയന്‍ ദേശീയ മനുഷ്യാവകാശ സമിതി (സിഎന്‍എച്ച്ഡി) മേധാവി ബൂസിദ് ലസ്ഹരി. ഫ്രഞ്ച് അധികൃതര്‍ അള്‍ജീരിയയുടെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തിയില്‍ 90 ലക്ഷം കുഴിബോംബുകളാണ് സ്ഥാപിച്ചതെന്നും ഇത് 7,300 ഓളം അള്‍ജീരിയന്‍ പൗരന്‍മാരെ സ്ഥിര വൈകല്യത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കുഴിബോംബ് ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ചാണ് ലസ്ഹരിയുടെ പ്രസ്താവന. കിഴക്കും പടിഞ്ഞാറും അതിര്‍ത്തിയില്‍ ഫ്രാന്‍സ് സ്ഥാപിച്ച കുഴിബോംബുകള്‍ക്ക് അള്‍ജീരിയ ഇപ്പോഴും ഉയര്‍ന്ന വില നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമോചന യുദ്ധത്തില്‍ 4,830 ഉം സ്വാതന്ത്ര്യാനന്തരം 2,470 ഉം ഉള്‍പ്പെടെ 7,300 അള്‍ജീരിയക്കാരെ ഫ്രഞ്ച് കുഴിബോംബുകള്‍ ബാധിച്ചതായി ഔദ്യോഗിക രേഖകളില്‍ പറയുന്നുണ്ടെന്ന് ലസ്ഹരി വിശദീകരിച്ചു. കൊളോണിയല്‍ കാലഘട്ടത്തില്‍ അള്‍ജീരിയയില്‍ ഉണ്ടായിരുന്ന സിവിലിയന്മാരും സൈനികരുമായി വ്യക്തികളെ പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷിക്കാനും പരിരക്ഷ നല്‍കുന്നതിനും അള്‍ജീരിയയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സ് ഒരു ഉത്തരവിലൂടെ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.