ഇന്ന് മോസ്‌കോയില്‍ ഫൈനല്‍ മാമാങ്കം. ഒരു വശത്ത് ഫ്രഞ്ച് പടയും മറുവശത്ത് ക്രൊയേഷ്യന്‍ പോരാളികളും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കിക്കോഫ്. പിന്നീട് 90 മിനുറ്റ് നീണ്ട യുദ്ധമായിരിക്കും. അവിടെ വിജയിയെ കണ്ടെത്താനായില്ലെങ്കില്‍ മറ്റൊരു 30 മിനുറ്റ് കൂടി. എന്നിട്ടു ഫലം വന്നില്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് എന്ന നേര്‍ക്കുനേര്‍ പോരാട്ടം.
രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫ്രാന്‍സ് ഇറങ്ങുന്നത്. 2016 യൂറോയില്‍ ഫൈനലില്‍ പരാജയപ്പെട്ടത് പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ കരുതികൂട്ടിയായിരിക്കും ഫ്രാന്‍സ് ഇറങ്ങുക. എംബാപ്പെയും ഗ്രീസ്മാനും അടങ്ങുന്ന മുന്നേറ്റ നിരയും, പോഗ്ബയും കന്റെയും അടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്.
ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് ക്രൊയേഷ്യ. പോരാട്ടവീര്യമാണവരുടെ കരുത്ത്. നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും അവര്‍ 120 മിനിറ്റ് കളിച്ചു. എന്നിട്ടു അവര്‍ തളര്‍ന്നുവീണില്ല.
നായകന്‍ ലൂക്കാ മോഡ്രിച്ചും ഉപനായകന്‍ ഇവാന്‍ റാക്കിറ്റിച്ചും കളിയുടെ നിയന്ത്രണം കാലുകളില്‍ കൊരുത്താല്‍ ലോകകപ്പ് ക്രൊയേഷ്യയിലേക്ക് നീങ്ങും. ശാരീരികമായി കരുത്തരായ ക്രൊയേഷ്യന്‍ പ്രതിരോധത്തിന് അതിന് സാധിച്ചാല്‍ ഫ്രഞ്ച് പടയുടെ തന്ത്രങ്ങള്‍ പിഴയ്ക്കും. അതേസമയം തന്നെ മുന്നേറ്റനിരയില്‍ ക്രൊയേഷ്യക്കും പോരായ്മകളുണ്ട്. അത് മറികടക്കുകയും വേണം. ലുഷ്‌നിക്കി സ്റ്റേഡിയത്തിലെ കരുത്തുറ്റ പോരാട്ടത്തിന് മണിക്കൂറുകള്‍ കൂടി ബാക്കി..