മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് ഫ്രാന്‍സ്…

പാരിസ്: പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസ്ഹറിന്റെ ഫ്രാന്‍സിലെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികള്‍ എടുക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി.

ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ അവതരിപ്പിച്ച പ്രമേയം ചൈന എതിര്‍ത്തിരുന്നു.ഇനിയും മസൂദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top