പാരീസ് : ഫ്രാന്‍സിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പൊലീസ് പിടിയില്‍. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹോളിവുഡ് സിനിമകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു കള്ളന്റെ ജയില്‍ ചാട്ടം. ജൂലൈ ഒന്നിനായിരുന്നു പാരിസിന് സമീപത്തെ റിയുവിലെ ജയിലില്‍ നിന്നും അധികൃതരെ അമ്പരിപ്പിച്ച് കൊണ്ട് റെഡോയില്‍ ഫയ്ദ് (46)എന്ന് മോഷ്ടാവ് രക്ഷപ്പെട്ടത്.
ജയില്‍ ജീവനക്കാരെ ബന്ദികളാക്കി കോംപൗണ്ടിനകത്ത് ഹെലികോപ്റ്റര്‍ ഇറക്കിയായിരുന്നു സാഹസികമായ ജയില്‍ ചാട്ടം. വടക്കന്‍ പാരിസിലെ ഓയിസ് മേഖലയില്‍ നിന്നുമായിരുന്നു ഇയാളെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
മോഷണ ശ്രമത്തിനിടെ നടത്തിയ വെടിവയ്പില്‍ പൊലീസുകാരി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ തടവിന് ശിക്ഷക്ക് വിധിക്കപ്പെട്ടത്. 25 വര്‍ഷത്തെ ശിക്ഷയായിരുന്നു ഇയാള്‍ക്ക് വിധിച്ചിരുന്നത്. പുക ബോംബുകളും ആംഗിള്‍ ഗ്രിന്‍ഡറുകളും ഉപയോഗിച്ച് ജയില്‍ വാതിലുകള്‍ തകര്‍ത്ത് പുറത്തിറങ്ങിയ ഫൈദ് ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇതിന് മോഷ്ടാവിനെ സഹായിച്ചത് ഏവീയേഷൻ കോഴ്സ് പഠിക്കാനെത്തിയ രണ്ട് വിദ്യാര്‍ഥികളായിരുന്നു. തങ്ങളുടെ അധ്യാപകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ഇവര്‍ ഹെലികോപ്റ്റര്‍ ജയില്‍ ചാട്ടത്തിനായി ഉപയോഗപ്പെടുത്തിയത്.
മോഷ്ടാവിനെ രക്ഷപ്പെടുത്താനായി വിദ്യാര്‍ഥികളായി ഇവര്‍ അഭിനയിക്കുകയായിരുന്നെന്നും കണ്ടെത്തി. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഹെലികോപ്റ്റര്‍ പാരീസിന്റെ നഗര പ്രാന്തത്തില്‍ ഉപേക്ഷിച്ച് നിലയില്‍ പിന്നീട് കണ്ടെത്തി.
ഫൈദിനെ കണ്ടെത്താന്‍ നൂറോളം പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തടവുചാടി ഒരാഴ്‌യ്ക്കുള്ളില്‍ തന്നെ പൊലീസ് ഇയാളെ കണ്ടെത്തിയെങ്കിലും സാഹസികമായ ഒരു ശ്രമത്തില്‍ നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെടുകയായിരുന്നു .
രണ്ടാം തവണയാണ് ഇയാള്‍ ജയില്‍ ചാടുന്നത്. ആദ്യത്തേതില്‍ ഹെലികോപ്റ്റര്‍ ഇല്ലെന്ന് മാത്രമായിരുന്നു വ്യത്യാസമുള്ളത്. ഡൈനമൈറ്റ് വച്ച് ജയില്‍ തകര്‍ത്ത ശേഷം നാലു ജയില്‍ വാര്‍ഡര്‍മാരെ ബന്ദികളാക്കിയായിരുന്നു 2013 ലെ രക്ഷപ്പെടല്‍.
അന്ന് ഒന്നരമാസത്തിനുശേഷം പിടിയിലായി. അതിനും മുന്‍പ് മറ്റു കുറ്റകൃത്യങ്ങളുടെ പേരില്‍ 10 വര്‍ഷം ജയില്‍ ശിക്ഷയും ഫൈയ്ദ് അനുഭവിച്ചിരുന്നു.
ജയിലില്‍ കഴിയവെ ചെറുപ്പകാലവും ഗുണ്ടാജീവിതവും വിവരിക്കുന്ന രണ്ടു പുസ്തകങ്ങളും ഫൈദ്
എഴുതിയിട്ടുണ്ട്. പാരിസ് നഗരപ്രാന്തത്തിലെ കുടിയേറ്റ മേഖലയില്‍ വളര്‍ന്ന ഹോളിവുഡ് സിനിമകളാണ് ഫൈയ്ദിനെ സ്വാധീനിച്ചത്. അവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്.