പാരീസ്: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരേ ആക്രമണം ശക്തമാക്കി. വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഫ്രഞ്ച് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേനയുടെ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ത്തതായും ഫ്രഞ്ച് സൈന്യം അവകാശപ്പെട്ടു.
ഞായറാഴ്ച രാത്രിയോടെ റഖായിലെ കേന്ദ്രങ്ങളിലാണ് കടുത്ത ആക്രമണങ്ങള്‍ ആരംഭിച്ചത്. 10 ഫൈറ്റര്‍ ബോംബറുകളുള്‍പ്പെടെയുള്ള 12 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. ജോര്‍ദാനില്‍ നിന്നും യുഎഇയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ആക്രമണങ്ങള്‍.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫ്രഞ്ച് പൗരന്റെ രേഖ ചിത്രം പൊലീസ് പുറത്ത് വിട്ടു. 26കാരനായ സലാഹ് അബ്ദല്‍സലാമിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമസ്ഥനാണ് അബ്ദല്‍സലാം.