ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സും. 40ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് സംഘട ഏറ്റെടുത്തിരുന്നു. ഈ ഭീകരസംഘടനയെ ‘ഉപരോധിക്കാനുള്ള’ നടപടികള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഫ്രാന്‍സും സ്വീകരിക്കും. വരുംദിവസങ്ങളില്‍ ഇതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മസൂദ് അസ്ഹറെ ഉപരോധിക്കാനുള്ള നീക്കവുമായി മുമ്പ് യുഎസും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ നീക്കത്തിന് പിന്തുണയുമായി ഫ്രാന്‍സും എത്തിയിരിക്കുന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും. ഭീകരവാദികള്‍ക്കെതിരായ ഇന്ത്യയുടെ നീക്കത്തിന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് മുന്നേതന്നെ അസ്ഹറിനെ ആഗോള ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു ഫ്രാന്‍സ് ഇതേ ആവശ്യവുമായി മുന്നോട്ടുവരുന്നത്.
പുല്‍വാമ ചാവേര്‍ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി കഴിഞ്ഞദിവസം പ്രസ്താവന ഇറക്കുന്നതിനെയും ചൈന എതിര്‍ത്തിരുന്നു. എന്നാല്‍, ചൈനയുടെ എതിര്‍പ്പ് മറികടന്നാണ്, ‘ഭീകരാക്രമണ’മെന്ന് എടുത്തുപറഞ്ഞുള്ള പ്രസ്താവന യുഎന്‍ ഇറക്കിയത്. വെട്ടിത്തുറന്നുള്ള പരാമര്‍ശങ്ങള്‍ ആവശ്യമില്ലെന്ന ചൈനയുടെ നിലപാട് സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തള്ളി. പ്രസ്താവനയില്‍ ജയ്‌ഷെ മുഹമ്മദിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഇന്ത്യ ചെലുത്തിയ സ്വാധീനം വിജയിച്ചു. ചൈനയുടെ വിയോജിപ്പ് ചെറുത്ത്, മറ്റ് അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ യുഎസും ഇന്ത്യയ്‌ക്കൊപ്പം നിന്നു.
അസ്ഹറിനെതിരെ മാത്രമല്ല, സഹോദരനും പഠാന്‍കോട്ട് ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുല്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും സമാന നീക്കം നടത്താന്‍ ഇന്ത്യയും ഫ്രാന്‍സും ആലോചിക്കുന്നുണ്ട്. ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ അസാധുവാക്കപ്പെടും, യാത്രകള്‍ക്കു വിലക്കേര്‍പ്പെടുത്തും, ആയുധങ്ങള്‍ കൈവശം വയ്ക്കാനാവില്ല തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇവര്‍ക്കെതിരെ നടപ്പിലാകും.
ഫെബ്രുവരി 14 നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മസൂദ് അസ്ഹര്‍ നാലു മാസമായി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ് അവിടെ നിന്നാണ് മസൂദ് ഭീകരാക്രമണങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണു രഹസ്യാന്വേഷണ കേന്ദ്രങ്ങളുടെ കണ്ടെത്തല്‍. പുല്‍വാമ ആക്രമണത്തിനു എട്ടു ദിവസം മുന്‍പ് ഭീകരസംഘാംഗങ്ങള്‍ക്കായി അസ്ഹര്‍ ശബ്ദസന്ദേശം അയച്ചതായാണ് തെളിവുകള്‍ പുറത്തുവരുന്നത്. 2017 നവംബറില്‍ പുല്‍വാമയില്‍ മസൂദിന്റെ അനന്തരവന്‍ റഷീദ് മസൂദ് സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പകരം വീട്ടുമെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചു. സഹോദരപുത്രനായ ഉസ്മാനെ കൊന്നതിനു പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തെളിവായി കണ്ടെത്തിയിരിക്കുന്നത്.