പാരീസ്: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം യുവതികള്‍ക്ക് ഫ്രാന്‍സിലെ ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചു. എല്ലാ മുസ്ലിങ്ങളും ഭീകരര്‍ ആണെന്നും ആക്രോശിച്ചാണ് അധികൃതര്‍ ഭക്ഷണം വിളമ്പാന്‍ തയ്യാറാകാതിരുന്നത്.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറംലോകം അറിഞ്ഞതോടെ പ്രതിഷേധത്തിന് കാരണമായി. ഇതോടെ ഭക്ഷണശാലയുടെ ഉടമ മാപ്പു പറഞ്ഞു.
ശനിയാഴ്ച രാത്രി ട്രെംബ്ലേ ഇന്‍ ഫ്രാന്‍സിലെ ലെ സിനാക്കിള്‍ റസ്റ്റേറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
‘വംശീയ വിരോധികളില്‍ നിന്ന് ഭക്ഷണം കഴിക്കില്ല’ എന്നു സ്ത്രീകളില്‍ ഒരാള്‍ പറയുമ്പോള്‍ മറുപടിയായി വംശീയ വിരോധികള്‍ മനുഷ്യരെ കൊല്ലില്ലെന്നും നിങ്ങളെ പോലെയുള്ളവര്‍ ഇവിടെ ആവശ്യമില്ലെന്നും ഹോട്ടലുടമ മറുപടി നല്‍കുകയായിരുന്നു.
എന്നാല്‍ യുവതികളെ പുറത്താക്കിയതിന്റെ പിറ്റേന്ന് പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ എത്തുകയും ഭക്ഷണശാല ഉടമ മാപ്പു പറയുകയും ചെയ്യുകയായിരുന്നു.
രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ പരിഭ്രാന്തനായാണ് മുസ്ലീം സ്ത്രീകളെ പുറത്താക്കിയതെന്നാണ് ഉടമയുടെ വാദം. കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ തന്റെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നതായും ഉടമ പറയുന്നു.
മുസ്ലീം യുവതികള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വംശീയ വിദ്വേഷ വിരുദ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ലോറന്‍സ് റോസിംഗ്നോള്‍ അറിയിച്ചു.