ഡമസ്‌കസ്: രാഷ്ട്രീയ പരിഹാരം സാധ്യമായാല്‍ മാത്രമേ സിറിയയില്‍ നിന്ന് പിന്മാറു എന്നറിയിച്ച് ഫ്രാന്‍സ്. യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇക്കാര്യത്തില്‍ മെല്ലെപോക്ക് നയം തുടരുന്നതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ്‌ലെ ഡ്രെയ്ന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമായാല്‍ ഫ്രാന്‍സ് സിറിയയില്‍ നിന്നു പിന്മാറുകയുള്ളുവെന്നും സിറിയയിലും ഇറാഖിലും ഫ്രാന്‍സ് യു.എസ് സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും ഡ്രെയ്ന്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 19നാണ് സിറിയയില്‍ ഐഎസിനെ തുരത്തിയെന്നും ഉടന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചത്. അതേസമയം, സിറിയയില്‍ നിന്നു സൈന്യത്തെ യുഎസ് എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ തുര്‍ക്കി ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.തുര്‍ക്കി കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയാണ് എന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ് ആരോപണങ്ങള്‍ ഉന്നയിച്ച് സൈന്യത്തെ സിറിയയില്‍ തന്നെ നിലനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.