ഫ്രാന്‍സ്; ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഉണ്ടായ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രഞ്ച് ഫിലോസഫര്‍ അലെയിന്‍ ഫിങ്കില്‍ക്രൌട്ടിന് നേരെയായിരുന്നു പ്രതിഷേധക്കാര്‍ യഹൂദ വിരുദ്ധ പരാമര്‍ശം നടത്തിയത്. അതേസമയം മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല.
പ്രതിഷേധം മൂന്ന് മാസം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് മഞ്ഞക്കുപ്പായക്കാര്‍ നടത്തിയ പ്രത്യേക പ്രതിഷേധ പരിപാടിയിലാണ് ഫ്രഞ്ച് ഫിലോസഫര്‍ക്ക് നേരെ അധിക്ഷേപവാക്കുകളുമായി രംഗത്തെത്തിയത്. അലെയിന് നേരെ പ്രകടനമായി എത്തിയവര്‍ യഹൂദ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
സംഭവം അപലപനീയമാണെന്നും രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇന്നലെയും രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറി.
മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുകയാണെങ്കിലും ഭൂരിഭാഗം ഫ്രഞ്ച് ജനതക്കും ഈ പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്നാണ് ചില സര്‍വേകളിലൂടെ പുറത്തുവരുന്ന വിവരം. മിക്കവരും പ്രതിഷേധം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് ഉന്നയിക്കുന്നതെന്ന് സര്‍വേ പറയുന്നു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മഞ്ഞക്കുപ്പായക്കാര്‍.