പാരീസ്: ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ പ്രത്യേക സഖ്യം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ. പാരീസ് ഭീകരാക്രമണ പരമ്പരയെകുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഒളാന്ദ ഇക്കാര്യം പറഞ്ഞത്.
സിറിയ ഭീകരരുടെ വിളനിലമായി മാറിയിരിക്കുകയാണ്. ഐഎസിനെ നശിപ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഇതിനായാണ് പുതിയ സഖ്യം രൂപീകരിക്കേണ്ടതെന്നും ഒളാന്ദ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിറിയയില്‍ വ്യോമാക്രമണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തിങ്കളാഴ്ച ജി-20 ഉച്ചകോടിയില്‍ സംസാരിക്കവെ വ്യക്തമാക്കി. ഐഎസ് തിന്‍മയുടെ മുഖമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം കര്‍ശനമായി നിരീക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.