വത്തിക്കാന്‍: ദരിദ്രരെ വിസ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതില്‍ പ്രസക്തിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ദരിദ്രരെ വിസ്മരിച്ച് ഉപഭോഗസംസ്‌കാരത്തില്‍ മുഴുകാനുള്ള അവസരമായി ക്രിസ്മസിനെ കാണരുത് ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കലാണ് ക്രിസ്മസ് എന്ന കാര്യം വിശ്വാസികള്‍ മറക്കരുതെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറാനാണ് പരസ്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഇത്തരം ആഘോഷമല്ല ദൈവം ആഗ്രഹിക്കുന്നത്. ദരിദ്രര്‍ക്കൊപ്പം നില്‍ക്കാനും ദൈവത്തിന്റെ നിശബ്ദ സ്വരം ശ്രവിക്കാനാണ് ക്രിസ്മസ് ആവശ്യപ്പെടുന്നതെന്നും ഇന്നലെ വത്തിക്കാനില്‍ പ്രതിവാര പൊതുദര്‍ശന പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ദരിദ്രനെ സഹായിക്കാതെ മിന്നുന്ന വിളക്കുകള്‍ കത്തിക്കുന്നതും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ക്രിസ്മസാവില്ല. ക്രിസ്തുവിനെ മാറ്റിനിര്‍ത്തി പുറംമോടിയുടെ ആഘോഷമായി ക്രിസ്മസിനെ മാറ്റരുത്.