ലെസ്‌ബോസ്: ഫ്രാന്‍സിസ് മാര്‍പാപ്പ 12 സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ റോമിലേക്ക് കൊണ്ടുപോയി. ആറ് കുട്ടികളടക്കമുള്ള 12 മുസ്ലീംങ്ങളെയാണ് പോപ്പ് വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ആഭ്യന്തരയുദ്ധത്തില്‍ വീടുകള്‍ തകര്‍ന്നവരാണ് ഇവര്‍ എല്ലാവരും. ശനിയാഴ്ച ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇത്.
2015 ല്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് കിട്ടിയവയുമായി യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ യൂണിയന്‍ കനത്ത പ്രതിരോധം തീര്‍ത്തിരിക്കെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടത് കാരുണ്യമാണെന്നത് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു പോപ്പിന്റെ നടപടി. അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിരിക്കെ അഭയാര്‍ത്ഥികളോടുള്ള സമീപനത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച് ഇസ്ലാമിക കുടുംബങ്ങളെയാണ് അഞ്ചു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ശേഷം മാര്‍പാപ്പ കൂടെ കൂട്ടിയത്.
ലെസ്‌ബോസിലെ ഏജിയന്‍ ദ്വീപിലെ വേലിക്കരികില്‍ റോമന്‍ കത്തോലിക്കാ സഭയുടെ തലവനെ ദര്‍ശിച്ച വേളയില്‍ പുരുഷാരം പൊട്ടിക്കരഞ്ഞു. ക്യാമ്പില്‍ അഭയാര്‍ത്ഥികള്‍ സഹായത്തിനായി കേണുകൊണ്ട് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് കരയുകയും കൈകള്‍ ചുംബിക്കുകയും ചെയ്തു. നിങ്ങള്‍ തനിച്ചല്ലെന്നും നിങ്ങള്‍ക്ക് സംസാരിക്കാന്‍ തങ്ങളുടെ ശബ്ദമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ക്യാമ്പ് സന്ദര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞു. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോപ്പിന്റെ പ്രവൃത്തി മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.