കൊച്ചി: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്താനിരുന്ന സമരപരിപാടികള്‍ പിന്‍വലിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കേസ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിന്മേല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ യോഗം ഇന്ന് രാവിലെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ഇന്ന് വൈകീട്ട് ആക്ഷന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ അടക്കം ഉപേക്ഷിക്കുമെന്നാണ് വിവരം.