കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പിനെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കാണിച്ചിരുന്നു. കോട്ടയം മെഡി.കോളേജിലെ ഹൃദ്രോഗവിഭാഗത്തില്‍ ബിഷപ്പിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്