ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; നാളെ കോടതിയില്‍ ഹാജരാക്കും

Jalandhar Bishop Franco Mulakkal

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനു പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന.

താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. അതേസമയം ബിഷപ്പിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ജാമ്യത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയം’ എന്നാണ് അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്.

Top