കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം കിട്ടിയതില്‍ ആശങ്കയും ദു:ഖവും ഉണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. കേരളത്തിന് പുറത്തായാലും ഫ്രാങ്കോ ചെയ്യാനുള്ളത് ചെയ്യുമെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സിസ്റ്റര്‍ അനുപമ തന്റെ ആശങ്ക പങ്കു വെച്ചത്. കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.
ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജിയിലെ ആവശ്യം .