പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന്; ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Jalandhar Bishop Franco Mulakkal

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

അതേസമയം, സഭയ്ക്ക് അകത്ത് പ്രളയമുണ്ടായെന്നാണ് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര കഴിഞ്ഞ ദിവസം പറഞ്ഞത്. സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വരുന്ന കാലമാണെന്നും വിശ്വാസത്തിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

കൂടാതെ, നിരപരാധിയായ ഞങ്ങളുടെ പിതാവിനെയാണ് ക്രൂശിച്ചിരിക്കുന്നതെന്നാണ് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ ആരോപിച്ചത്. കേരളഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

നിരവധി വര്‍ഷങ്ങളായി തങ്ങള്‍ പഞ്ചാബില്‍ ജിവിക്കുന്നവരാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് തങ്ങള്‍ക്കറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നു എന്നും മിഷണറീസ് ഓഫ് ജീസസ് ആരോപണം ഉന്നയിച്ചിരുന്നു.

Top