കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലെത്തിച്ചു. രാവിലെ 9.50 ന് പൊലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ട വാഹനം അരമണിക്കൂറില്‍ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലേക്ക് എത്തി. തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.
ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അതിനാല്‍ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മഠത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്.
അതേസമയം ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി.