രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ബിഷപ്പിന്റെ ഉത്തരത്തിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമം

Jalandhar Bishop Franco Mulakkal

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം രണ്ടാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിന്റെ ഉത്തരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുവാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്ലിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.

ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യല്‍. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നതായാണ് അറിയുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്പി. ഓഫീസില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

Top