ജലന്ധര്‍ ബിഷപ്പ് പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി

Jalandhar bishop Franco Mulakkal,

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും മിഷനറീസ് ഒഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസുമാണ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുറവിലങ്ങാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ബിഷപ്പിനെതിരെയുള്ള പരാതി പിന്‍വലിച്ചാല്‍ പത്തനംതിട്ട ജില്ലയിലോ ഇടുക്കി ജില്ലയിലോ പത്തേക്കര്‍ സ്ഥലവും ഒരു മഠവും നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു ഫാ.എര്‍ത്തയിലിന്റെ വാഗ്ദാനം. പിന്‍വലിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷത്ത് വലുതാവുമെന്നും ഫാ.എര്‍ത്തയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന വിധേയയായ സിസ്റ്ററെ കാണാന്‍ രണ്ടു തവണ ഫാ.എര്‍ത്തയില്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നു. എന്നാല്‍ നേരില്‍ കാണാന്‍ സാധിച്ചില്ല. പിന്നീടാണ് ടെലിഫോണിലൂടെ സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

ഇക്കാര്യം അന്നു തന്നെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പീഡന കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് കുര്യനാട് ആശ്രമത്തിലെത്തി ഫാ.എര്‍ത്തയിലിനെ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ.എര്‍ത്തയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി.ജോര്‍ജ് എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചു. കേസില്‍ ബിഷപ്പ് നിരപരാധിയാണെന്നു ജോര്‍ജ് ആവര്‍ത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.

Top