ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറില്‍ യാത്രയയപ്പ്. രൂപതയിലെ സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ച് നടക്കുന്ന യാത്രയപ്പ് ചടങ്ങില്‍ ഫ്രാങ്കോ മുളക്കല്‍ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. ചടങ്ങില്‍ പങ്കെടുക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തന്‍ ആയെങ്കിലും വിധിക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചത്.
വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വാദിച്ചത്. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്.