കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ലൈംഗിക ശേഷി പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ ബിഷപ്പിന് ലൈംഗിക ശേഷി പ്രശ്‌നങ്ങളില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. ശനിയാഴ്ച പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. പിന്നീട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ബിഷപ് പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
അതേസമയം, കന്യാസ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വൈദികന്റെ സഹോദരനെതിരെ പൊലീസ് കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവെക്കാനും നിര്‍ദേശം നല്‍കിയിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തി.