കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടപ്പത്ര വിപണിയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ആറ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നത്.
ഫ്രങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
നിലവില്‍ ഈ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്.
ഏപ്രില്‍ 24മുതല്‍ ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിന്‍വലിക്കുന്നതിനോ കഴിയില്ല. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാറ്റാം. സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍വഴി പണം പിന്‍വലിക്കാനും അനുവദിക്കും.
നിക്ഷേപകര്‍ക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ വിശദീകരിച്ചു.
ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് യൂണിറ്റ് ഉടമകള്‍ക്ക് പണം നല്‍കും.
ലോ ഡ്യൂറേഷന്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലും മറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകര്‍ക്ക് പണംതിരികെ ലഭിച്ചേക്കും.
സ്ഥിര നിക്ഷേപ പദ്ധതികളില്‍ തന്നെ മികച്ച നേട്ടം നല്‍കിവന്നിരുന്ന ഈ ഫണ്ടുകളില്‍ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു.