ബാംഗ്ലൂരുവിലെ നഴ്‌സിംഗ് കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ബാംഗ്ലൂര്‍:ബാംഗ്ലൂരുവിലെ നഴ്‌സിംഗ് കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത തട്ടിപ്പ്. തിരുവനന്തപുരം കിളമാനൂരില്‍ പ്രവര്‍ത്തിക്കുന്ന SMAC ഗ്ലോബല്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് ആക്ഷേപം. പത്തോളം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി കിളമാനൂര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിച്ചു.

രാജീവ് ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കര്‍ണ്ണാടക കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു SMAC ഗ്ലോബല്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ്. കോളജില്‍ അഡ്മിഷന്‍ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ SMAC ശാഖാ 2022 ലാണ് ഇവിടുത്തെ 10 വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കിയത്. അഡ്മിഷന്‍ ഫീ ഇനത്തില്‍ 65,000 രൂപയോളം ഇവര്‍ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തി.

തട്ടിപ്പ് നേരിട്ട പത്തു വിദ്യാര്‍ത്ഥികള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസുടുക്കാന്‍ തയാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കര്‍ണ്ണാടക കോളജിന് പകരം കോളജിന്റെ മറ്റൊരു കേന്ദ്രമായ ഫാദര്‍ മാത്യുസ് കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പട്ടികയില്‍ പേരുമുണ്ടായിരുന്നില്ല.കോളജിന് അംഗീകാരമില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തട്ടിപ്പ് മനസ്സിലായ വിദ്യാര്‍ത്ഥികള്‍ ഇതോടെയാണ് നാട്ടിലെത്തിയത്.

Top