അര്‍ബുദമരുന്നുകളുടെ പേരില്‍ തട്ടിപ്പ്; ആശുപത്രിജീവനക്കാരുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: നാല് കോടിയുടെ വ്യാജ അര്‍ബുദമരുന്നുകളുമായി ആശുപത്രിജീവനക്കാരുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി. മോത്തി നഗര്‍, യമുന വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ആശുപത്രിജീവനക്കാര്‍ തുടങ്ങിയവരുള്‍പ്പെട്ട രാജ്യാന്തര മരുന്നുമാഫിയസംഘം പിടിയിലായത്. ഏഴ് രാജ്യാന്തരബ്രാന്‍ഡുകളുടെയും രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെയും പേരിലുള്ള വ്യാജമരുന്നാണ് പിടിച്ചെടുത്തത്. മരുന്നുകള്‍ക്കൊപ്പം നിര്‍മാണസാമഗ്രികളും ഉപകരണങ്ങളും 20,000 അമേരിക്കന്‍ ഡോളറും രണ്ടുകോടിയോളം രൂപയും പിടിച്ചെടുത്തു.

100 രൂപ ചെലവില്‍ നിര്‍മിക്കുന്ന വ്യാജമരുന്ന്, പ്രമുഖബ്രാന്‍ഡുകളുടെ മരുന്നുകുപ്പികളില്‍ നിറച്ച് മൂന്നുലക്ഷംവരെ രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. വിഫില്‍ ജെയ്ന്‍, സൂരജ് ഷാത്, ഗുരുഗ്രാം അര്‍ബുദ ആശുപത്രിയിലെ രണ്ടുജീവനക്കാര്‍ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്തിരുന്ന വിഫില്‍, മോത്തിനഗറിലെ രണ്ട് ഫ്ളാറ്റുകളിലാണ് മരുന്നുനിര്‍മിച്ചിരുന്നത്. സൂരജ് ഷാതായിരുന്നു കുപ്പികളില്‍ നിറച്ചിരുന്നത്. കീമോതെറാപ്പിയില്‍ പരിചയമുള്ള ആശുപത്രിജീവനക്കാരായിരുന്നു ഇടനിലക്കാര്‍. ഇന്ത്യക്കുപുറമേ അമേരിക്കയിലും ചൈനയിലും സംഘം മരുന്നുവിറ്റിരുന്നു. രണ്ടുവര്‍ഷത്തിനിടെ മാത്രം സംഘം ഏഴായിരത്തിലധികം ഡോസ് മരുന്നുവിറ്റിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

Top