ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്; 20 കോടിയുമായി മുങ്ങിയ ദമ്പതികള്‍ കീഴടങ്ങി

എടവണ്ണപ്പാറ: ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പു നടത്തി 20 കോടിയുമായി മുങ്ങിയ ദമ്പതികള്‍ പൊലീസില്‍ കീഴടങ്ങി. വലിയപറമ്പ് സ്വദേശി വലപ്പെട്ടില്‍ നാസര്‍, ഭാര്യ ആക്കോട് സ്വദേശി സാജിത എന്നിവരാണ് വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ നിക്ഷേപം സ്വീകരിച്ച് വിശ്വാസ വഞ്ചന കാണിക്കുന്നതായി 2020 ഓഗസ്റ്റ് മാസത്തിലാണ് നിക്ഷേപകര്‍ വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. 2013ല്‍ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച ഇന്‍ഫോലൈന്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നാനൂറിലേറെ പേരില്‍ നിന്നായി 50 കോടി രൂപയോളം ശേഖരിച്ചിരുന്നതായാണ് വിവരം.

തുടക്കത്തില്‍ ഒരു വര്‍ഷം വരെ ലാഭവിഹിതം മുടങ്ങിയിരുന്നില്ല. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. ഇതിനിടെ നിക്ഷേപകരില്‍ ചിലര്‍ക്ക് ലാഭവിഹിതം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പ്രതികള്‍ ഓഫിസ് പൂട്ടി മുങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി ഒട്ടേറെ പേര്‍ പരാതിയുമായെത്തി. വാഴക്കാട് എസ്‌ഐ സുബീഷ് മോന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. അതേസമയം നിക്ഷേപകരില്‍ ചിലര്‍ ഇയാളെ ബന്ധപ്പെട്ടിരുന്നെങ്കിലും ഇയാളുടെ ഭീഷണി മൂലം ചിലര്‍ കേസ് നല്‍കുന്നതില്‍നിന്ന് പിന്‍മാറിയിരുന്നു. നിക്ഷേപകര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ആലോചിക്കുന്നതിനിടെയാണ് പ്രതികളുടെ കീഴടങ്ങല്‍.

 

 

Top