തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയ അജയഘോഷിനേയും പ്രതി ചേർക്കും. തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ടവർ താത്കാലിക ജീവനക്കാരും, കാൽ നൂറ്റാണ്ടിലേറെ നഗരസഭയിൽ ജോലി ചെയ്യുന്നവരാണെന്നും അന്വേഷണസംഘം കണ്ടെത്തി. അതിനിടെ നേമത്ത് കെട്ടിട നമ്പറില്ലാതെ കെട്ടിപ്പൊക്കിയ കടമുറി പൊളിച്ചുനീക്കാത്തതിൽ നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
അപേക്ഷ പോലും നൽകാതെ ഇടനിലക്കാരന്‍റെ പിൻബലത്തിൽ വേഗത്തിൽ തന്നെ അനിധികൃത കെട്ടിടത്തിന് നമ്പർ തരപ്പെടുത്തിയ അജയഘോഷാണ് ഗൂഢാലോചനയിൽ പ്രധാനിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ചോദ്യം ചെയ്ത് ഇടനിലക്കാരനിലേക്കും തട്ടിപ്പിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരിലേക്കും എത്താനാകുമെന്നാണ് പ്രതീക്ഷ. നഗസരഭ നടപടിയെടുത്ത താത്കാലിക ജീവനക്കാർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ സജിയും ഇന്ദുവുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.