വീണാ ജോര്‍ജ്ജിന്റെ പേരില്‍ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

veena

പത്തനംതിട്ട: എംഎല്‍എ വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്. തട്ടിപ്പു നടത്തിയ യുവാവ് ഇപ്പോള്‍ ഒളിവിലാണ്. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്.

തിരുവല്ല സ്വദേശികളായ മൂന്നുപേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ വാങ്ങിയെന്നാണ് ഡി.വൈ.എസ്‌.പിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.

അടൂര്‍ സ്വദേശികളില്‍ നിന്നും 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. വീടിനടുത്തുള്ള ഒരാളില്‍ നിന്നും ഒന്നരലക്ഷം രൂപയും ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതി നിലനില്‍ക്കുന്നുണ്ട്.

മുമ്പ് ആന്റോ ആന്റണി എം.പിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ബിജോ. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചു വന്ന ശേഷം വീണാ ജോര്‍ജിനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തു.

ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം വിമാന ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ ഇവ ക്യാന്‍സലായെന്ന് പിന്നീട് അറിയിക്കുന്നതാണ് പതിവ് രീതി. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് ചതി മനസ്സിലായത്.

ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അല്ലെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.

Top