വീണ്ടും സര്‍വീസ് ചാര്‍ജ് കൊള്ള; സൗജന്യ എംടിഎം സര്‍വ്വീസ് എസ്ബിഐ നിര്‍ത്തലാക്കുന്നു

കൊച്ചി: എസ്ബിഐയില്‍ വീണ്ടും സര്‍വീസ് ചാര്‍ജ് കൊള്ള. എസ്.ബി.ഐ. സൗജന്യ എ.ടി.എം. സേവനങ്ങള്‍ അവസാനിപ്പിക്കുന്നു.

ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇക്കാര്യം അറിയിച്ച് എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യമാണ്.

മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഒരു ലക്ഷം രൂപവരെ അഞ്ചു രൂപയും രണ്ടുലക്ഷംവരെ 15 രൂപയും നികുതി ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശം.

ബേയ്‌സിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാന്‍ നിര്‍ദേശിക്കുന്നു. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിര്‍ദേശം.

ഈ വിഭാഗത്തിലുള്ളവര്‍ക്ക് നാല് എടിഎം സേവനങ്ങള്‍ സൗജന്യമാണ്. തുടര്‍ന്നുള്ള ഓരോ സേവനങ്ങള്‍ക്കും പത്തു രൂപയും മറ്റുബാങ്കുകളുടെ സേവനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. റുപെയുടെ ക്ലാസിക് എടിഎം കാര്‍ഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Top