ഭാരം ഒഴിഞ്ഞു, ഇപ്പോള്‍ സ്വസ്ഥം, സമാധാനം; ബിജെപിയ്‌ക്കെതിരെ ഒളിയമ്പുമായി ശിവസേന

മുംബൈ:  ബിജെപിക്ക് നേരെ ഒളിയമ്പുമായി ശിവസേന മുഖപത്രം സാമ്‌ന. ബിജെപി സഖ്യമെന്ന ഭാരം ലഘൂകരിച്ചതോടെ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നാണ് മുഖപത്രത്തില്‍ ശിവസേന പറയുന്നത്. ബന്ധം വിശ്ചേദിച്ചതോടെ മഹാരാഷ്ട്രയില്‍ മാത്രമല്ല ബിജെപിയിലും സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷമാണെന്നും മുഖപത്രത്തില്‍ പറയുന്നു.

ശിവസേനയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന തരത്തില്‍ ബിജെപി നേതാക്കള്‍ പ്രസ്താവന നടത്തുന്നുണ്ട്. ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കണം. പ്രതിപക്ഷമായി അധികകാലം തുടരാനാവില്ലെന്ന് ഇപ്പോള്‍ തന്നെ നിരവധി ബിജെപി നേതാക്കള്‍ തുറന്നുപറഞ്ഞു കഴിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ മഹാരാഷ്ട്രയില്‍ ഒരു സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ പോലും ഇപ്പോള്‍ മനസ്സ് തുറന്ന് സംസാരിക്കുന്നത്. അദ്ദേഹം ശരദ് പവാറിനെ കണ്ടിരുന്നു, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. തനിക്കിപ്പോള്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം സധൈര്യം പറഞ്ഞത്. ബിജെപി നേതാവ് പങ്കജമുണ്ഡെയുടെ അവസ്ഥയും സമാനമാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നത്– മുഖപ്രസംഗത്തില്‍ പറയുന്നു.

‘ഫഡ്നാവിസിന് ഇപ്പോഴും അധികാരക്കൊതിയാണെന്നും,ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും ശിവസേന പരിഹസിച്ചു.

മുഖ്യമന്ത്രി പദം പങ്കിടുന്ന കാര്യത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള ദീര്‍ഘകാല സഖ്യത്തില്‍ വിള്ളല്‍ വീഴുന്നത്. അതിന് ശേഷമാണ് ശിവസേന ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച്‌  കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

 

 

 

Top