തിരുവനന്തപുരം: രോഗികള്‍ക്കു സൗജന്യ മരുന്ന് ലഭ്യമാക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 245 ഇനം മരുന്നുകള്‍കൂടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ സൗജന്യമായി നല്‍കുന്ന 590 ഇനം മരുന്നുകള്‍ക്ക് പുറമേയാണിത്.
ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ജനറലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെത്തിക്കുവാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പദ്ധതിക്കായി 125 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പായാല്‍ രക്താര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്കുള്‍പ്പടെയുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും രോഗികള്‍ക്കു സൗജന്യമായി ലഭിക്കും. രോഗികള്‍ വഹിക്കേണ്ട ചികില്‍സാച്ചെലവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.