സൗജന്യ ടോള്‍ പാസ്; ഓണ്‍ലൈനിലൂടെ രേഖകള്‍ നല്‍കല്‍ പ്രായോഗികമല്ലെന്ന് മുഹമ്മദ് റിയാസ്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്കുള്ള സൗജന്യ യാത്രാ പാസ് പുതുക്കുന്ന നടപടി ഓണ്‍ലൈനായി സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇളവ് ആവശ്യമായ എല്ലാ രേഖകളും കൊടുങ്ങല്ലൂര്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും എന്‍.എച്ച്.എ.ഐക്കും പരിശോധനക്കായി ടോള്‍ പ്ലാസ നടത്തിപ്പുകാര്‍ക്കും കൈമാറേണ്ടതുണ്ട്. ഇക്കാരണത്താല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. തദ്ദേശീയരുടെ യാത്രാ പാസ് പുതുക്കുന്നതിന് ഓരോ മൂന്നു മാസവും വാഹനങ്ങളുടെ രേഖയും റെസിഡന്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണമെന്ന നിബന്ധന കോവിഡ് പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാക്കണമെന്നും ഇത് ഓണ്‍ലൈന്‍ വഴി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു എം.എല്‍.എയുടെ സബ്മിഷന്‍.

 

Top