തിരുവനന്തപുരം : ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ചികില്‍സാ സൗജന്യം വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് രമ്യാ ഹരിദാസ്.
പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. ആശുപത്രി മാനേജ്‌മെന്റ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രമ്യ കുറ്റപ്പെടുത്തി.
സൗജന്യ ചികിത്സക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ പ്രക്ഷോഭം തുടരുകയാണ്. ഡയറക്ടര്‍ ചര്‍ച്ചക്ക് തയാറാകണമെന്നും എല്ലാ വിഭാഗം ജീവനക്കാരുടെയും സംയുക്ത ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ചികിത്സ ഇളവ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവ് പിന്‍വലിക്കുക, അനധികൃത നിയമനം ഉള്‍പ്പെടെ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം തുടരും. ചര്‍ച്ചക്ക് ഡയറക്ടര്‍ തയാറാകുന്നതുവരെ വ്യത്യസ്ത രീതിയില്‍ പ്രതിഷേധ പരിപാടികള്‍ തുടരും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്കുള്ള ചികിത്സായിളവിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശ്രീചിത്രയുടെ നടപടിക്കെതിരെ ജീവനക്കാര്‍ കരിദിനം ആചരിച്ചിരുന്നു. ഡയറക്ടറുമായി ചര്‍ച്ചക്ക് ശ്രമം നടത്തിയെങ്കിലും ചര്‍ച്ചക്ക് ഡയറക്ടര്‍ തയാറായിരുന്നില്ല.