കൊച്ചി: ഓണപരീക്ഷ എത്തിയിട്ടും പാഠപുസ്തകം കിട്ടാത്തതിന് പിന്നാലെ സൗജന്യ യൂണിഫോം വിതരണവും ഇഴയുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം എത്തിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
എന്നാല്‍ ഇതുവരെ എയ്ഡഡ് സ്‌കൂളുകളില്‍ യൂണിഫോം എത്തിയിട്ടില്ല. ധനവകുപ്പ് പണം നല്‍കാത്തതിനാലാണ് യൂണിഫോം വിതരണം ചെയ്യാന്‍ കഴിയാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഒരാഴ്ചയ്ക്കുള്ളില്‍ യൂണിഫോമിനുളള തുക വിതരണം ചെയ്യുമെന്നും സബ്ജക്റ്റ് കമ്മിറ്റി യോഗങ്ങള്‍ നീണ്ടുപോയതാണ് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനുളള തുക സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് മുഖേന നല്‍കുകയും ചെയ്തു. ഇതുപയോഗിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങി നല്‍കിയത്.
എന്നാല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി മാനേജ്‌മെന്റുകള്‍ കുട്ടികളുടെ കണക്ക് ജൂണില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ധനവകുപ്പ് ഫണ്ട് അനുവദിച്ചില്ലെന്ന മറുപടിയാണ് മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചിരുന്നത്.