നോയിഡ: പഴകച്ചവടത്തില്‍ 200 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മോഹിത് ഗോയല്‍ അറസ്റ്റില്‍. പണം വാങ്ങി നിരവധി പഴകച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്. നോയിഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ലാണ് ഇയാള്‍ വലിയ തട്ടിപ്പ് നടത്തിയത്. ഫ്രീഡം 251 എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയെന്ന് അവകാശപ്പെട്ട് ടെക് ലോകത്തെ ഞെട്ടിച്ചയാളാണ് മോഹിത് ഗോയല്‍. 251 രൂപയ്ക്കാണ് ഗോയല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്.
അന്ന് 30,000 പേര്‍ ഫോണ്‍ ബുക്ക് ചെയ്യുകയും ഏഴു കോടിയോളം പേര്‍ ഫോണ്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും ഫോണ്‍ ലഭിച്ചില്ലെന്നാണ് പരാതി. പിന്നീട് അധികം വൈകാതെ നിയമ പ്രശ്നങ്ങളില്‍പ്പെട്ട് ഈ കമ്പനി പൂട്ടിപ്പോയി. പുതിയ തട്ടിപ്പ് കേസില്‍ സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബായി ഡ്രൈ ഫ്രൂട്ട്, സ്പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇയാളുടെ പേരിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ഓളം പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് നോയിഡ പൊലീസ് അറിയിച്ചു. 2018ല്‍ മറ്റൊരു കേസിലും ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയില്‍ ഒരു പീഡനക്കേസ് ഒത്തു തീര്‍പ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് മുന്‍പ് ഗോയലിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.